Thursday, November 28, 2024
spot_img

കരയുന്ന കുട്ടിയുടെ ചിത്രം തെറ്റായി ഉപയോഗിച്ചു; ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി പാലക്കാട്‌ കോൺഗ്രസ്


ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി പാലക്കാട്‌ കോൺഗ്രസും. ശബരിമലയിലെത്തുന്ന ഭക്തന്മാരോടുള്ള സർക്കാർ അവഗണനക്കെതിരെപാലക്കാട് ഡിസിസി നടത്തുന്ന ‘പ്രതിഷേധ ഭജന’ എന്ന പരിപാടിയുടെ പോസ്റ്ററിലാണ് വ്യാജ പ്രചരണം. തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന തമിഴ്നാട് സ്വദേശിയായ ബാലന്റെ ചിത്രം ഉപയോഗിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. ഇന്ന് രാവിലെ നടക്കാനിരിക്കുന്ന പരിപാടിയാണ് പ്രതിഷേധ ഭജന.

നേരത്തെ സംഘപരിവാർ അനുകൂല പ്രൊഫൈലുകളും ഈ ചിത്രം വ്യാപകമായി വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് പ്രൊഫൈലിൽ’ അയ്യനെ തൊഴാന്‍ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്ക്രിയമായ നവകേരള സർക്കാരിന്റെ ക്രൂരത’ എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചിരുന്നു. തുടർന്ന് സംഘ പരിവാർ പ്രൊഫൈലുകള്‍ നടത്തുന്ന വ്യാജ പ്രചരണം കോണ്‍ഗ്രസ് നേതൃത്വം തന്നെ ഏറ്റെടുത്തിരിക്കുന്നുവെന്ന വിമർശനവും ഉയർന്നു.

വാസ്തവത്തിൽ അല്‍പ്പനേരത്തേക്ക് മാത്രം പിതാവിനെ കാണാതായതായിരുന്നു കുഞ്ഞിന്റെ കരച്ചിലിന് ഇടയാക്കിയത്. പൊലീസ് കുഞ്ഞിനെ ആശ്വസിപ്പിക്കുകയും പിതാവിനെ ഉടന്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതാണ് തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുന്നത്.

അതേസമയം ഭക്തരുടെ വിശ്വാസത്തെ കരുവാക്കി നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ്സ് – ബിജെപി ശ്രമമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ആരോപിച്ചു. ശബരിമലയിൽ വലിയ പ്രങ്ങളില്ല. വെള്ളമില്ല വെളിച്ചമില്ല എന്നുള്ള മുദ്രാവാക്യം ബോധപൂർവ്വം ഉണ്ടാക്കുന്നതാണ്. എല്ലാ സൗകര്യങ്ങളുടെയും നടുവിൽ നിന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. അച്ഛനെ കാണാതെ കരയുന്ന കുട്ടിയെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. അതിന്റെ പേരിൽ ചിലർ ഭജനയിരിക്കാൻ പോകുന്നുവെന്നും ഇതൊക്കെ ശരിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles