ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.
ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.
‘ദഹ്റ ഗ്ലോബല്‍ കേസില്‍ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീല്‍ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കോടതിയില്‍ ഉണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടായിരുന്നു, എല്ലാ കോണ്‍സുലര്‍, നിയമസഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായി ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് തുടരും’, കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.