ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പടയൊരുക്കം. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നു. ഒന്‍പത് അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാമെന്ന് രഞ്ജിത്ത് പ്രതികരിച്ചു.ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ച തീരുമാനങ്ങള്‍ താന്‍ ഒറ്റയ്ക്കല്ല എടുക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. താന്‍ ഈ സ്ഥാനത്തിന് യോഗ്യനാണോ അല്ലയോ എന്ന് സാംസ്‌കാരിക വകുപ്പും സര്‍ക്കാരും പറയട്ടേയെന്നും രഞ്ജിത്ത് പറഞ്ഞു. നവകേരള യാത്ര കഴിഞ്ഞെത്തുമ്പോള്‍ മന്ത്രി ഈ പരാതി പരിശോധിക്കട്ടേയെന്നും എല്ലാവരും വീര്‍പ്പുമുട്ടുകയാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ പറയട്ടേയെന്നും അപ്പോള്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഡോ. ബിജുവിനെക്കുറിട്ട് രഞ്ജിത്ത് പറഞ്ഞ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വിവാദമായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ പടയൊരുക്കമുണ്ടാകുന്നത്. രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചിരുന്നു. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയേറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയിരുന്നത്.