Friday, November 1, 2024
spot_img

രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ സിപിഐ പങ്കെടുക്കില്ല, മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത്; ഡി രാജ

രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ സിപിഐ പങ്കെടുക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. രാഷ്ട്രീയവും മതവും കൂട്ടിച്ചേർക്കേണ്ടതില്ല എന്നതാണ് സിപിഐ നിലപാട്. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് ഭരണഘടനയ്ക്ക് എതിരാണ്. ഇതാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. അവരാണ് രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയം കളിക്കുന്നത്. ബിജെപി മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാൻ ശ്രമിക്കുകയാണെന്നും ഡി രാജ വിമർശിച്ചു.

ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം ചെയുന്ന ചടങ്ങിൽ കോൺഗ്രസ് ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ പ്രതികരിച്ചു. ക്ഷണം കോൺഗ്രസ് പൂർണമായി നിരാകരിക്കണം. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങൾ കോൺഗ്രസ് ഉയർത്തിപ്പിടിക്കണം.

ജനാധിപത്യം മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയും ചടങ്ങിൽ പങ്കെടുക്കരുത്. നെഹ്റുവിന്റെ നയങ്ങളിൽ നിന്നും കോൺഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്‌തില്ല എന്നാണ് വ്യക്തമാകുന്നത്. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണ്. മതേതര മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വേണം കോൺഗ്രസ് മുന്നോട്ടു പോകാൻ. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോകണം. കോൺഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണരുതെന്ന മുന്നറിയിപ്പുമായി കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തി. ഈ പ്രശ്നത്തെ രാഷ്ട്രീയ, സങ്കുചിത താൽപര്യങ്ങൾക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാർ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. ആ സംരംഭത്തിൽ ആരും ഇടപെടരുതെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നത്തെ വൈകാരികമായി കാണുന്നതിനോട് യോജിപ്പില്ല. കോൺഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു പിടിച്ച മതേതര പ്രസ്ഥാനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട്‌ യോജിപ്പില്ലെന്നും വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും ശശി തരൂർ എം.പി പ്രതികരിച്ചു. അതുകൊണ്ടുതന്നെ വ്യക്തികളാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും ആണ് പ്രധാനം. സി.പി.ഐ.എമ്മിന് മത വിശ്വാസം ഇല്ല. അതുകൊണ്ട് അവർക്ക് പെട്ടെന്ന് തീരുമാനം എടുക്കാം. കോൺ​ഗ്രസ് സി.പി.ഐ.എമ്മോ ബി.ജെ.പിയോ അല്ല. വിശ്വാസികൾ ഉള്ള പാർട്ടിയാണ് കോൺ​ഗ്രസെന്നും അതുകൊണ്ട് നിലപാട് എടുക്കാൻ സമയം വേണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നതയുണ്ട്. ഇതേതുടർന്ന് ഉദ്ഘാടനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായില്ല. ചടങ്ങിലേക്ക് സോണിയാ​ഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കിൽ കോൺ​ഗ്രസ് പ്രതിനിധികൾ ആരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസും, ആർജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുന്നത്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും.

രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ ഭൂരിപക്ഷ സമുദായത്തോടുള്ള കോൺഗ്രസിന്റെ അവഹേളനമാണ് അതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ആരോപിച്ചു. ഇഫ്താർ വിരുന്ന് നടക്കുമ്പോൾ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിന് ആശയക്കുഴപ്പമില്ല, പലസ്തീൻ അനുകൂല റാലി നടത്തുമ്പോഴും കോൺഗ്രസിന് ആശയക്കുഴപ്പമില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് കോൺഗ്രസിന് ആശയക്കുഴപ്പമെന്ന വിവാദ പ്രസ്താവനയാണ് വി. മുരളീധരൻ നടത്തിയത്.

ഇതേ കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് വരുമ്പോൾ പൂണൂലിട്ട് ഉത്തരേന്ത്യയിൽ പ്രചാരണത്തിനിറങ്ങും. ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് ഭയപ്പെടുന്നതിന്റെ കാരണം മുസ്ലിം ലീഗ് മാത്രമാണ്. മുസ്ലിംലീഗിനെ ഭയന്നിട്ടാണ് കേരളത്തിൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെങ്കിൽ കോൺഗ്രസ് പേരുമാറ്റിയിട്ട് മുസ്ലിം ലീഗിലേക്ക് ലയിക്കട്ടെ. സുപ്രീംകോടതി വിധി പോലും കോൺഗ്രസിന് അംഗീകരിക്കാൻ ആകുന്നില്ല. മുസ്ലിംലീഗിനെ ഭയക്കുന്ന പരിതാപകരമായ അവസ്ഥയാണ് കോൺഗ്രസിനെന്നും അദ്ദേഹം വിമർശിച്ചു.

Hot Topics

Related Articles