അന്തരിച്ച മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി പുസ്തകത്തിൽ. പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി എഴുതിയ ‘ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്സ്’ എന്ന പുസ്തകത്തിലാണ് പരാമർശം.രാഹുൽ ഗാന്ധി മര്യാദയുള്ളവനും, ചോദ്യങ്ങൾ നിറഞ്ഞവനുമാണെന്ന് പ്രണബ് മുഖർജി പറഞ്ഞിട്ടുണ്ടെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. രാഹുൽ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ല. രാഷ്ട്രപതി ഭവനിൽ വച്ചാണ് രാഹുൽ പ്രണബ് കാണാറുള്ളത്. മന്ത്രിയാകാനും ഭരണത്തിൽ നേരിട്ടുള്ള അനുഭവം നേടാനും പ്രണബ് മുഖർജി ഉപദേശിച്ചെങ്കിലും രാഹുൽ അനുസരിച്ചില്ലെന്നും പുസ്തകത്തിൽ. രാഹുൽ ഗാന്ധിക്ക് പല കാര്യങ്ങളിലും താൽപ്പര്യമുണ്ടെന്നും, എന്നാൽ അദ്ദേഹം ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തിൽ നീങ്ങുന്നുവെന്നും പ്രണബ് പറഞ്ഞതായും പുസ്തകത്തിൽ പറയുന്നു.സോണിയ ഗാന്ധിയെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. ‘ദ പിഎം ഇന്ത്യ നെവർ ഹാഡ്’ എന്ന അധ്യായത്തിലാണ് സോണിയയെക്കുറിച്ച് പറയുന്നത്. 2004ൽ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് പ്രണബ് മുഖർജിയോട് ചോദിച്ചപ്പോൾ ‘ഇല്ല, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല’ എന്നായിരുന്നു പിതാവിൻ്റെ മറുപടിയെന്ന് ശർമ്മിഷ്ഠ തന്റെ പുസ്തകത്തിൽ കുറിക്കുന്നു. തന്നെ പ്രധാനമന്ത്രിയാക്കാത്തതിൽ സോണിയ ഗാന്ധിയോട് പ്രണബ് മുഖർജിക്ക് നീരസവും ഉണ്ടായിരുന്നില്ല, കൂടാതെ മൻമോഹൻ സിംഗിനോട് ശത്രുത തോന്നിയിട്ടില്ലെന്നും ശർമ്മിഷ്ഠ പുസ്തകത്തിൽ കുറിച്ചു.