പത്തനംതിട്ട : അനിയന്ത്രിത തിരക്കിന്റെ സാഹചര്യത്തിൽ, ശബരിമല ദർശനം കിട്ടാതെ തീർത്ഥാടകർ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി മടങ്ങുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്. ഇന്നും തിരക്കിന്ല ഒട്ടും ശമനമില്ല. കെഎസ്ആർടിസി ബസുകൾ മണിക്കൂറുകൾ പിടിച്ചിടുന്ന സാഹചര്യത്തിൽ പത്ത് മണിക്കൂറോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ ഒരു ദിവസം ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചു വന്നതാണ് ശബരിമലയിൽ പെട്ടന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഒരു ദിവസത്തിൻ്റെ പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷണൻ പ്രതികരിച്ചത്. അനിയന്ത്രിതമായ തിരക്കുണ്ടാവുബോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ശബരിമലയിലുണ്ടായതെന്നും മന്ത്രി പറയുന്നു.