Thursday, November 28, 2024
spot_img

‘5മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല’; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍, വിശദീകരണം തേടി

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണം എന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ  മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.

മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. അഞ്ച് മാസത്തെ പെൻഷനായിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്.  മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിക്കാത്തത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കുകയായിരുന്നു. ഇതിനിടെ, സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയതിന് ദേശാഭിമാനിക്കെതിരെയും മറിയക്കുട്ടി പരാതി നല്‍കിയിട്ടുണ്ട്. 

Hot Topics

Related Articles