ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
50 വർഷത്തിലേറെയായി ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമായിരുന്നു ലീലാവതി. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 600-ലധികം സിനിമകളിൽ അഭിനയിച്ചു. 1937 ൽ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ജനനം. നാടക രംഗത്ത് നിന്നും സിനിമ ലോകത്തേക്ക്. 1949ൽ ശങ്കർ നാഗ് നായകനായ ‘നാഗകന്യക’ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശനം.
കന്നഡ സിനിമാലോകത്തെ സൂപ്പർസ്റ്റാർ ഡോ.രാജ്കുമാറിനോടൊപ്പം നിരവധി ചിത്രങ്ങളിൽ ലീലാവതി നായികയായി അഭിനയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ യാരഡു ആയിരുന്നു അവസാന ചിത്രം. ഡോ.രാജ്കുമാർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്. സാമൂഹ്യപ്രവർത്തക, മൃഗസ്നേഹി എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു.