രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്ന് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നു. വനിതാ പൊലീസിന്റെ അംഗബലം 33 ശതമാനമാക്കി ഉയർത്താൻ കേന്ദ്രസർക്കാർ ആവർത്തിച്ച് ശ്രമിച്ചിട്ടും, രാജ്യത്തെ പൊലീസ് സേനയിൽ വെറും 11.75 ശതമാനം വനിതകൾ മാത്രമാണുള്ളതെന്ന് കണക്കുകൾ.
ആഭ്യന്തര മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 11.75% വനിതകളാണ് രാജ്യത്തെ പൊലീസ് സേനയിൽ ഉള്ളത്. അതായത് 10 പൊലീസുകാരിൽ ഒരാൾ സ്ത്രീ. 2022 ജനുവരി 1 വരെയുള്ള കണക്കനുസരിച്ച്, രാജ്യത്തെ 21 ലക്ഷം പൊലീസുകാരിൽ 2.46 ലക്ഷം മാത്രമാണ് വനിതകൾ. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം കുറഞ്ഞത് 33% ആക്കുന്നതിന് 2013 മുതൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും MHA ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുള്ളതാണ്.
2022ൽ ഡൽഹിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 14,000 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഡൽഹി പൊലീസ് സേനയിലെ സ്ത്രീകളുടെ എണ്ണം 92,000 ഉദ്യോഗസ്ഥരിൽ 10,228 മാത്രമാണ്, അതായത് 11.12 ശതമാനം. ഉത്തർപ്രദേശിലെ 3 ലക്ഷം പൊലീസുകാരിൽ 33,425 അല്ലെങ്കിൽ 11.14% മാത്രമാണ് സ്ത്രീകൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വനിതാ പൊലീസുകാർ ഉള്ളത്.
16.45 % വനിതകൾ സംസ്ഥാന പൊലീസ് സേനയിൽ ഉണ്ട്. പൊലീസ് സേനയിൽ സ്ത്രീകളുടെ എണ്ണം കുറവായിരിക്കാം, എന്നാൽ ഒമ്പത് വർഷത്തിനുള്ളിൽ ഇത് പ്രകടമായ വർധനവ് രേഖപ്പെടുത്തിയതായി എംഎച്ച്എ അധികൃതർ പറഞ്ഞു.