ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. രാഷ്ട്രപതിയേയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തും. ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഗവർണറുടെ സമ്മർദത്തിനുവഴങ്ങിയാണ് എസ്എഫ്ഐക്കാർക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയത്. ഗവർണർക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥരെ രാജ്ഭവനിൽ ചെന്ന് കണ്ട് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ഏഴ് പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉൾപ്പെടെ ഉടലെടുത്തതോടെയാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്.അതേസമയം കരിങ്കൊടി പ്രതിഷേധത്തിൽ സ്വീകരിച്ച നടപടിയെക്കുറിച്ച് ഗവർണർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.