ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 157 റണ്‍സ് ലീഡാണ് ടീം നേടിയത്. 3 വിക്കറ്റുകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ 450 ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി മൂന്നാം ദിവസം പൂർണമായും ഓസ്ട്രേലിയയെ വീഴ്ത്താനാണ് ഇന്ത്യയുടെ ശ്രമം.
രണ്ടാം ദിവസവും ഇന്ത്യ ആധിപത്യം ആവർത്തിക്കുന്നതാണ് കണ്ടത്. സ്മൃതി മന്ദന രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലും മികവ് പുലർത്തി. മത്സരത്തിൽ 74 റൺസാണ് സ്മൃതി നേടിയത്. ജെമിമ റോഡ്രിഗസ്(73), ദീപ്തി ശർമ്മ(70), റിച്ച ഘോഷ്(52) എന്നിവരും ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (0), യസ്തിക ഭാട്ടിയ (1) എന്നിവര്‍ നിരാശപ്പെടുത്തി.
രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 70 റണ്‍സുമായി ദീപ്തിയും 33 റണ്‍സുമായി പൂജ വസ്ത്രാക്കറുമാണ് ക്രീസില്‍. 376 ന് 7 എന്ന നിലയിലാണ് ഇന്ത്യ. 157 റൺസ് എന്ന വലിയ ലീഡ് തന്നെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഒന്നാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്.