സെഞ്ചൂറിയൻ ടെസ്റ്റ് പരാജയത്തിൽ സെലക്ടർമാരെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റെഡ് ബോൾ ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയേക്കാൾ മികച്ച ബാറ്റ്സ്മാൻ ഇന്ന് ഇന്ത്യൻ ടീമിലില്ലെന്നും വെറ്ററൻ സ്പിന്നർ അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായാണ് പരാജയപ്പെട്ടത്. ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. പിന്നാലെ ടീമിനെ വിമർശിച്ച് നിരവധി മുൻതാരങ്ങൾ രംഗത്തെത്തുകയും ചെയ്തു. ഏറ്റവും ഒടുവിലായാണ് ഹർജൻ സിംഗും ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുന്നത്.
‘അജിങ്ക്യ രഹാനെയെ ടീമിലെടുത്തില്ല, ഒരു കാരണവുമില്ലാതെ പൂജാരയെ ഒഴിവാക്കി. മുൻ റെക്കോർഡ് പരിശോധിച്ചാൽ പൂജാരയുടേതിന് തുല്യമായിരുന്നു കോലിയുടെ സംഭാവന. എന്തുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് മനസ്സിലാകുന്നില്ല? നിലവിൽ റെഡ് ബോൾ ക്രിക്കറ്റിൽ പൂജാരയെക്കാൾ മികച്ച ഒരു ബാറ്റ്സ്മാൻ ഇന്ത്യയ്ക്കില്ല’- ഹർഭജൻ പറഞ്ഞു.
സാവധാനം റൺ സ്കോർ ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ ഈ ശൈലി ഇന്ത്യയെ തുണച്ചിട്ടുണ്ട്. അദ്ദേഹം മൂലം ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ പരമ്പര നേടിയിട്ടുണ്ടെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായിരുന്നു രഹാനെയും പൂജാരയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാറ്റ് കമ്മിൻസ് നയിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് പൂജാര അവസാനമായി ഇന്ത്യക്കായി കളിച്ചത്. രഹാനെ വെസ്റ്റിൻഡീസ് പര്യടനത്തിലും.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ജനുവരി 3 മുതൽ കേപ്ടൗണിൽ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിയില്ലെങ്കിലും സമനില നേടാനാകും.