Friday, November 1, 2024
spot_img

സാമ്പത്തിക അടിയന്തരാവസ്ഥയിൽ വിശദീകരണം ചോദിച്ച് ഗവര്‍ണർ; കളമൊരുങ്ങുന്നത് അസാധാരണ രാഷ്ട്രീയ പോരാട്ടത്തിന്

തിരുവനന്തപുരം∙ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതോടെ, പതിവില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാൽ മറിച്ചൊരു മറുപടി നൽകുക സാധ്യമല്ല. പണം നൽകാതെ കേന്ദ്രം വീർപ്പുമുട്ടിക്കുന്നതിന്റെ കണക്കുകൾ റിപ്പോർട്ടായി സർക്കാർ ഗവർണർക്കു നൽകാനാണു സാധ്യത. ഗവർണർ റിപ്പോർട്ട് രാഷ്ട്രപതിക്ക് അയയ്ക്കുന്നതോടെ റിപ്പോർട്ടിലുള്ള കണക്കുകളെ സംബന്ധിച്ചുള്ള വിശദീകരണത്തിനു കേന്ദ്രത്തിനും അവസരം ഒരുങ്ങും.

ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇരുവിഭാഗവും കണക്കുകൾ ഉപയോഗിക്കും. പൊതുജനത്തിന്റെ ശ്രദ്ധയിൽ സാമ്പത്തിക പ്രതിസന്ധി കൂടുതലായി പതിയും. രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രാഷ്ട്രപതിക്കു കഴിയും. കേരളത്തിൽ കേന്ദ്രം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമം. അതിനെ പ്രതിരോധിക്കാൻ എൽഡിഎഫും നീക്കങ്ങൾ നടത്തും.

സാമ്പത്തിക അടിയന്തരാവസ്ഥ സംബന്ധിച്ച് ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ: ഭാരതത്തിന്റെയോ ഭാരതത്തിന്റെ ഭൂപ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സാമ്പത്തിക ഭദ്രത അല്ലെങ്കിൽ വിശ്വാസ്യത ഭീഷണിയിലാക്കുന്ന ഒരു സ്ഥിതിവിശേഷം ഉത്ഭവിച്ചിട്ടുണ്ട് എന്നു രാഷ്ട്രപതിക്കു ബോധ്യമാകുകയാണെങ്കിൽ, ഒരു വിളംബരം വഴി ആ അർഥത്തിൽ അദ്ദേഹത്തിന് (രാഷ്ട്രപതിക്ക്) ഒരു പ്രഖ്യാപനം നടത്താവുന്നതാണ്. പുറപ്പെടുവിച്ച വിളംബരം രാഷ്ടപതിക്ക് ഒരു വിളംബരം വഴി പിൻവലിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാം. രണ്ടു മാസത്തിനകം പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം അംഗീകരിച്ചില്ലെങ്കിൽ പ്രാബല്യം ഇല്ലാതാകും. ലോക്സഭ പിരിച്ചു വിട്ടിരിക്കുന്ന കാലഘട്ടത്തിൽ വിളംബരം പുറപ്പെടുവിക്കുകയോ, വിളംബരം പുറപ്പെടുവിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളിൽ ലോക്സഭ പിരിച്ചു വിടപ്പെടുകയോ ചെയ്താൽ വിളംബരം അംഗീകരിക്കുന്ന പ്രമേയം രാജ്യസഭ പാസാക്കണം. ലോക്സഭയുടെ പുനസംഘടനയ്ക്കുശേഷം 30 ദിവസത്തിനുള്ളിൽ പ്രമേയം പാസാക്കിയില്ലെങ്കിൽ അസാധുവാകും.

Hot Topics

Related Articles