ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകള്‍ക്ക് നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ കൈക്കൊണ്ടതോടെ വലിയ വായ്പകളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഫിന്‍ടെക് കമ്പനികള്‍. ഇതോടെ 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ അനുവദിക്കുന്നതില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേ സമയം തന്നെ ചെറുകിട വായ്പകള്‍ പൂര്‍ണമായി നിര്‍ത്തില്ലെന്നും അനുവദിക്കുന്ന വായ്പകളുടെ എണ്ണത്തില്‍ കുറവ് വരുത്തുക മാത്രമായിരിക്കും ചെയ്യുകയെന്നും കമ്പനികള്‍ വ്യക്തമാക്കി.
പല ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും അവരുടെ ഫിൻടെക് പങ്കാളികളോട് ചെറിയ വ്യക്തിഗത വായ്പകൾ നൽകുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ചെറുകിട വായ്‌പകളെ മാത്രം ആശ്രയിച്ചിരുന്ന ചില ഡിജിറ്റൽ വായ്പാ ദാതാക്കൾ തങ്ങളുടെ ഉപഭോക്തൃ അടിത്തറയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമത്തിലാണ്. അതേ സമയം വലിയ വായ്പകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം കമ്പനികള്‍ ബാങ്കുകളിൽ നിന്നും NBFC കളിൽ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട്.ഡിജിറ്റൽ വായ്പാ ദാതാക്കൾ വിവിധ തരത്തിലുള്ള സേവനങ്ങൾ തയാറാക്കുന്നതിനുള്ള ശ്രമത്തിലാണെങ്കിലും അതിന് കാലതാമസം നേരിടുമെന്നാണ് സൂചന.
അതേ സമയം ഫിന്‍ടെക് സ്ഥാപനങ്ങളുടെ വളർച്ചയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് ചെറുകിട വായ്പകൾ അനുവദിക്കുന്നത് കുറയ്ക്കുന്നത് ഇടയാക്കും. അടുത്തിടെയാണ് ചെറുകിട വായ്പകളുടെ റിസ്ക് വെയ്റ്റ് ആർബിഐ കൂട്ടിയത്. സുരക്ഷിതമല്ലാത്ത റീട്ടെയിൽ വായ്പകളിലെ അഭൂതപൂർവമായ വളർച്ചയെ തുടർന്നായിരുന്നു ആർബിഐയുടെ നടപടി. റിസ്ക് വെയ്റ്റ് 100 ശതമാനത്തിൽ നിന്ന് 125 ആയാണ് ആർബിഐ വർദ്ധിപ്പിച്ചത്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം, പുതിയ റിസ്ക് വെയ്റ്റ് വ്യക്തിഗത വായ്പകൾക്കും എൻബിഎഫ്‌സികൾക്കുള്ള റീട്ടെയിൽ ലോണുകൾക്കും ബാധകമാകും, ഭവന, വിദ്യാഭ്യാസം, വാഹന വായ്പകൾ, സ്വർണ്ണം, എന്നീ വായ്പകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ക്രെഡിറ്റ് കാർഡിലെ റിസ്ക് സാധ്യത യഥാക്രമം 150 ശതമാനമായും 125 ശതമാനമായും ആർബിഐ കൂട്ടിയിട്ടുണ്ട്.