തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് പട്ടത്തെ പാര്‍ട്ടി ഓഫീസിൽ പൊതുദര്‍ശനത്തിന് വച്ച ശേഷം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന മുദ്രാവാക്യം വിളികളുടെ ആദരവും അഭിവാദ്യവും സ്നേഹവും ഏറ്റുവാങ്ങിയാണ് തൊഴിലാളി വര്‍ഗത്തിന്റെ അമരക്കാരൻ തലസ്ഥാന നഗരം വിട്ടത്.
അര നൂറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന കാനം രാജേന്ദ്രന് ഏറെ വൈകാരികമായാണ് തലസ്ഥാനം വിടനൽകിയത്. കാനത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്കുള്ള വഴിമധ്യേ പ്രധാന കേന്ദ്രങ്ങളിൽ നിര്‍ത്തും. അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാല് മണിയോടെ വിലാപയാത്ര കിളിമാനൂരിലെത്തും. 5.15 ന് കൊട്ടാരക്കരയിൽ അന്ത്യാഞ്ജലി അര്‍പ്പിക്കാനാവും. വൈകിട്ട് 6.45 ന് ചെങ്ങന്നൂരിലും 7.15 ന് തിരുവല്ലയിലും എട്ട് മണിക്ക് ചങ്ങനാശേരിയിലും പ്രിയ നേതാവിനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങൾക്ക് അവസരമുണ്ടാകും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.