മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പരാതിയിൽ കേസെടുക്കാതെ കുറുപ്പുംപടി പൊലീസ്.ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ ഉൾപ്പെടെയുള്ളവർക്കെതിരായാണ് പരാതി ഉയർന്നത്. വാഹനത്തിൽ കയറ്റിയ ശേഷം ക്രൂരമായി മർദിച്ചു എന്നായിരുന്നു പരാതി. മജിസ്ട്രേറ്റ് പരുക്കുകൾ പരിശോധിച്ച ശേഷം നേരിട്ട് പരാതി എഴുതി വാങ്ങിയ കേസിലാണ് പൊലീസിന്റെ ഒളിച്ചുകളി.
ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ മര്‍ദിച്ചത്. മുദ്രാവാക്യം വിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു. എന്നാല്‍, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.