Thursday, November 28, 2024
spot_img

ഹർഷിന കേസിൽ കുറ്റപത്രം സമർപ്പിച്ചു; 2 ഡോക്ടർമാരും 2 നഴ്സുമാരും പ്രതികൾ; 750 പേജ്, 60 സാക്ഷികൾ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ 2 നഴ്സുമാരും 2 ഡോക്ടറർമാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 60 സാക്ഷികളാണുള്ളത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. 

2017 ൽ നടത്തിയ എംആർഐ സ്കാനിങ് ആണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എസിപി വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതിപൂർണ്ണമാകുന്നുള്ളൂവെന്നും ഹർഷിന പ്രതികരിച്ചു. 

Hot Topics

Related Articles