എസ്.എഫ്.ഐയുടെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കാലിക്കറ്റ് സർവകലാശാല സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ. മുൻകൂട്ടി നിശ്ചയിച്ച പോലെ പരിപാടി നടക്കുമെന്നും പ്രതിഷേധക്കാരെ പോലീസ് നോക്കിക്കോളുമെന്നുമാണ് അദ്ദേത്തിന്റെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുകയാണ് സനാതന ധർമ്മ പീഠം കോർഡിനേറ്റർ എസ് ശേഖരൻ.അതേസമയം, എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ് ഗവർണർ. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനർ ഉയർത്താനുള്ള അവകാശം എസ്എഫ്ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുമെന്നാണ് ഗവർണറുടെ നിലപാട്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്.
സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ബാനറുകൾ ഉയർത്തിയിരിക്കുകയാണ് എസ്എഫ്ഐ . ചാൻസലർ ഗോ ബാക്ക്, മിസ്റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം, സംഘി ചാൻസലർ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയർത്തിയത്. കറുത്ത തുണിയിൽ വെള്ള നിറത്തിലാണ് എഴുത്തുകൾ. സർവകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനർ സ്ഥാപിച്ചിരിക്കുന്നത്.
ചാൻസലർ എന്ന നിലയിൽ കേരള, കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ നടത്തിയ നോമിനേഷനെതിരെയാണ് സിപിഎമ്മും എസ്എഫ്‌ഐയും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.