Thursday, November 28, 2024
spot_img

ആന്‍റണി രാജു 6 മാസമാക്കിയ കാലാവധി വീണ്ടും ഒരു വർഷമാക്കി സർക്കാർ, ബിഎസ് 4 വാഹനമുള്ളവർക്ക് വലിയ ആശ്വാസം

തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 (ബി എസ് 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി വീണ്ടും ഒരു വര്‍ഷമാക്കി സര്‍ക്കാര്‍. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറ് മാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരുത്തിയത്. പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആന്‍റണി രാജു ഇടപെട്ടാണ് പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കി മാറ്റിയത്.

ബി എസ് 4 ഇരുചക്ര മുച്ചക്ര വിഭാഗത്തിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷം വാഹനങ്ങളുണ്ട് എന്നാണ് കണക്ക്. അതേസമയം, മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര,  പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്നാണ് കേന്ദ്ര നിർദേശം. പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.

രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ചില പുക പശോധന കേന്ദ്രങ്ങള്‍ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി വ്യപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. തട്ടിപ്പുകള്‍ തടയുകയും പരിശോധനകളിലെ കൃത്യതയും ഉറപ്പുവരുത്തുനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഒരോ വര്‍ഷവും ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. അതിനാൽ നിയമം കർശനമായി നടപ്പാക്കണമെന്നാണ് നിർദ്ദേശം.

Hot Topics

Related Articles