Thursday, November 28, 2024
spot_img

ഗ്യാൻവാപി കേസിൽ ഹിന്ദുസംഘടനകളുടെ ഹര്‍ജി നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി; പള്ളിക്കമ്മിറ്റിക്ക് തിരിച്ചടി

അലഹബാദ്: ഗ്യാൻവാപി കേസിൽ ഹിന്ദുസംഘടനകളുടെ ഹർജി നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി. പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. ഇതിനെതിരെ പള്ളി കമ്മറ്റി നൽകിയ ഹർജികൾ കോടതി തള്ളി.

പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന  ആവശ്യത്തെ ചോദ്യം ചെയ്താണ് ഗ്യാൻവാപി മസ്ജിദ് മനേജ്മെന്റ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. 1991 ൽ ഹിന്ദു വിഭാഗം നൽകിയ ഹർജി ആരാധനാലയ നിയമപ്രകാരം നിലനിൽക്കില്ല എന്നായിരുന്നു വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹർജിക്ക് ആരാധനാലയ നിയമം തടസ്സമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആറ് മാസത്തിനുള്ളിൽ ഈ ഹർജി വാരാണസി കോടതി തീർപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗ്യാൻവാപി മസ്ജിദിൽ വീണ്ടും സർവേ ആവശ്യമാണെങ്കിൽ പുരാവസ്തു സർവേ വിഭാഗത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാൻവാപി പള്ളിയിൽ എഎസ്ഐ നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്ത റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ട് ഈ മാസം 21 ന് കോടതി പരിശോധിക്കും. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിർമിച്ചതെന്ന് കാട്ടിയാണ് ഹിന്ദു സംഘടനകൾ സർവെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. നൂറിലേറെ ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്. 

Hot Topics

Related Articles