ഉത്തര്‍പ്രദേശ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മുസ്ലീംപള്ളിയില്‍ കോടതി മേല്‍നോട്ടത്തില്‍ സര്‍വെ നടത്താന്‍ അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി. സര്‍വെ നടത്തുന്നതിനായി മൂന്നംഗ അഭിഭാഷക കമ്മിഷണര്‍മാരെ നിയമിക്കാന്‍ കോടതി തീരുമാനിച്ചു. ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയിന്‍ ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഷാഹി ഈദ്ഹാഹ് പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കമ്മിഷണര്‍മാരേയും സര്‍വെ തിയതിയും തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനിക്കും. പള്ളിയില്‍ സര്‍വെ നടത്താനുള്ള ആവശ്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ചില ഹിന്ദുവിഭാഗങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ ഉന്നയിച്ചിരുന്നതാണെങ്കിലും മുസ്ലീം വിഭാഗം ഹൈക്കോടതിയില്‍ എതിര്‍പ്പ് ഫയല്‍ ചെയ്തിരുന്നു. നിലവിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെയും പള്ളി അധികൃതര്‍ സുപ്രിംകോടതിയെ ഉടന്‍ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഷാഹി ഈദ്ഗാഹ് മുസ്ലീംപള്ളി കത്ര കേശവ് ദേവ് ക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് 13.37 ഏക്കര്‍ ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ചില ഹിന്ദുഗ്രൂപ്പുകളുടെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ക്ഷേത്രം പൊളിച്ചതെന്നായിരുന്നു അവകാശവാദം. പള്ളിയിലെ കൊത്തുപണികളില്‍ പലതിനും ഹിന്ദു പുരാണത്തിലെ ചില ദേവന്മാരുമായും സംഭവങ്ങളുമായും സാദൃശ്യമുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.