ദുബായ്:നിയാസ് ചേടികമ്പനിയെ എറൗണ്ട് മേൽപറമ്പ് സ്നേഹാദരവ് നൽകി ആദരിക്കുന്നു പ്രവാസ ഭൂമികയിൽ മേൽപ്പറമ്പിൻറെ യശസ്സ് വാനോളം ഉയർത്തിയ മേൽപറമ്പ് പ്രവാസി ലീഗ് എന്ന എം പി എൽ ഒരു വ്യാഴവട്ടക്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിൻറെ തുടർച്ചയായ നടത്തിപ്പിലും, പരിണാമത്തിലും നിറഞ്ഞ് നിൽക്കുന്ന നിയാസ് ചേടികമ്പനി എന്ന നാമം വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. നിയാസ് എന്ന മൂന്നക്ഷരം ഒരു കടലാണ്. മേൽപ്പറമ്പ പ്രവാസ ഫൂട്ബോൾ വേദിയിൽ ഒരുപാട് തിരയിളക്കം ഉണ്ടാക്കിയ കടൽ. ആവേശം മുഖ മുദ്രയാക്കിയ നിയാസ് എം.പി.എല്ലിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. എം പി എല്ലിൻറെ ആദ്യ കാലത്ത് ടീം ഓണറായും, മാനേജരായും, കോച്ചായും, കമ്മിറ്റി അംഗമായുമൊക്കെ ഇതിനെ ജനകീയമാക്കുന്നതിൽ നിയാസ് ചെയ്ത സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഷാർജയിലുള്ള നിയാസ് ചേടിക്കമ്പനി പീ ആർ ഒ മേഖലയിൽ ജോലി ചെയ്യുന്നു. പ്രവാസ മണ്ണിലും, നാട്ടിലും മത, സാമൂഹിക, സാംസ്കാരിക, കലാ, കായിക രംഗത്ത് നിറസാനിധ്യമാണ് മേൽപറമ്പിൻറെ സൗമ്യ മുഖമായ നിയാസ് ചേടിക്കമ്പനി. ബൃഹത്തായ സൗഹൃദ വലയവും സൗഹൃദങ്ങൾക്ക് വലിയ മൂല്യം നൽകി സ്നേഹ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന മേൽപറമ്പിൻറെ പ്രിയ പുത്രൻ. നീണ്ട ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിൽ സമ്പാദിച്ച ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള സൗഹൃദ ബന്ധങ്ങൾ ദുരുപയോഗം ചെയ്യാതെ അവരുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന വ്യക്തി. ഒരു കാര്യവും അസാധ്യം എന്ന് പറയാതെ ഏത് സങ്കീർണതയിലും അതിന് വേണ്ടി പരിശ്രമിക്കുന്ന കഠിനാദ്ധ്വാനി. അതാണ് നിയാസിൻറെ ശൈലി.
നിയാസ് ദീർഘ കാലമായി മേൽപറമ്പ് ജമാഅത്ത് ഷാർജ കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനത്തുണ്ട്. ജിംഖാന മേൽപറമ്പിൻറെ സജീവ അംഗമായ അദ്ദേഹം ജിംഖാന ഗൾഫ് ചാപ്റ്ററിൻറെ ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ വൈസ് പ്രസിഡൻറാണ്. ജിംഖാന ഗൾഫ് കമ്മിറ്റി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ മുഖ്യ സംഘാടകരിൽ ഒരാള് കൂടിയാണ് നിയാസ്. യു എ ഇയിലുള്ള കാസറഗോഡ് ജില്ലക്കാരുടെ ഏറ്റവും വലിയ പൊതു കൂട്ടായ്മയായ കെസെഫിൻറെ നേതൃ നിരയിൽ കുറെ കാലമായി നിയാസുണ്ട്. യാത്രകൾ ഇഷ്ട്ടപ്പെടുന്ന യു എ ഇ മലയാളികളുടെ സൗഹൃദ കൂട്ടായ്മയായ ഗസലിന്റെ സജീവ അംഗമാണ് നിയാസ്. ഫുട്ബോൾ കളി ആവേശമായി കൊണ്ട് നടക്കുന്ന അദ്ദേഹം യൂ എ ഇയിൽ നടന്ന് വരുന്ന ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റുകളിൽ വളപ്പിൽ ബുൾസ് എന്ന പേരിൽ സ്വന്തമായി ടീമിനെ ഇറക്കി എം പി എൽ അടക്കം പ്രശസ്തങ്ങളായ നിരവധി ട്രോഫികൾ കരസ്തമാക്കിയിരുന്നു.
മേൽപറമ്പ് വളപ്പിൽ മമ്മിഞ്ഞി ഹാജിയുടെ മകൻ ഇബ്രാഹിം എന്നവരുടെയും പരേതയായ മൈമൂന എന്നവരുടെയും മൂത്ത മകനാണ് നിയാസ് ചേടികമ്പനി. 1999 ലാണ് ജോലി ആവശ്യാർഥം ഷാർജയിലെത്തുന്നത്. തൻറെ കഠിനാദ്ധ്വാനവും, പരിശ്രമവും കൊണ്ട് നിയാസ് അഞ്ഞൂറിലധികം ആളുകൾ ജോലി ചെയ്യുന്ന വലിയൊരു സ്ഥാപനത്തിൽ പീ ആർ ഒ ആയി ജോലി ചെയ്യുന്നു. സർക്കാറുമായി ബന്ധപ്പെട്ട പല മേഖലയിൽ ഈ കമ്പനിയുടെ ഇടപാടുകൾ നടക്കുന്നതിനാൽ സ്ഥാപനത്തിൻറെ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടത് നിയാസ് തന്നെ. കഴിഞ്ഞ ഇരുപത് വർഷത്തെ നിയാസിൻറെ പീ ആർ ഒ മേഖലയിലുള്ള ജോലിയിലെ വിശ്വാസതയും, കൃത്യതയും എടുത്ത് പറയേണ്ടതാണ്.
1958 മുതൽ എഴുപതുകളുടെ തുടക്കം വരെ മേൽപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന West Cost Syndicate Mining Pvt Ltd എന്ന പേരിലുള്ള ചേടികമ്പനി പ്രവർത്തിച്ചിരുന്നത് നിയാസിൻറെ വീടിൻറെ ഭാഗത്തായിരുന്നു. ആ സ്ഥാപനത്തിൻറെ മാനേജർ നിയാസിൻറെ പിതാവ് ഇബ്രാഹിംച്ചയായിരുന്നു. അതാണ് നിയാസിൻറെ പേരിൻറെ കൂടെ ചേടികമ്പനി എന്നുള്ളത്. നിയാസിൻറെ ജീവിതത്തിൽ എന്നും ഒരു കാരുണ്യ സ്‌പർശം നമുക്ക് കാണാൻ സാധിക്കും. പ്രയാസമനുഭവിക്കുന്നവർക്ക് സന്ദർശക വിസ നൽകി കൊണ്ട് വന്നു ജോലി കണ്ടെത്തുവാനും സഹായിക്കാറുണ്ട്. വ്യക്തമായ രാഷ്ട്രീയ ആഭിമുഖ്യം പ്രകടിപ്പിക്കാത്ത നിയാസ് എല്ലാ കക്ഷികളുമായും എന്നും നല്ല സൗഹൃദ ബന്ധങ്ങൾ നിലനിർത്തുന്നു.
പൂച്ചക്കാട് സ്വദേശിനി ജസീലയാണ് നിയാസിൻറെ ജീവിത പങ്കാളി. നൂഹ, നിദ, നൂറ എന്നിവർ മക്കളാണ്.