Sunday, August 24, 2025
spot_img

ഫെയ്‌സ് ബുക്കിലൂടെ പരിചയം; ജര്‍മ്മന്‍ യുവാവ് കാഞ്ഞങ്ങാട് സ്വദേശിനിയുടെ എട്ട് ലക്ഷം തട്ടിയതായി പരാതി

കാഞ്ഞങ്ങാട്: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ജര്‍മ്മന്‍ യുവാവ് കാഞ്ഞങ്ങാട് സ്വദേശിനിയുടെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തു. സമ്മാനമയക്കുന്നുണ്ടെന്ന് പറഞ്ഞ് 8,01,400 രൂപയാണ് തട്ടിയെടുത്തത്. ബര്‍ലിന്‍ സ്വദേശിയായ ഡോ. കെന്നടി നിക്ക് മൂര്‍സ് എന്ന പേരില്‍ ഫെയ്‌സ്ബുക്കുള്ള യുവാവാണ് പണം തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പ് ഈ ഐഡിയില്‍ നിന്നും സൗഹൃദത്തിനുള്ള ക്ഷണം വന്നിരുന്നു. യുവതി മറുപടിയും നല്‍കി. പിന്നീട് സന്ദേശങ്ങള്‍ കൈമാറി വന്നിരുന്നു. തുടര്‍ന്ന് കുടുംബകാര്യങ്ങളും കൈമാറി. യുവതിയുടെ മേല്‍വിലാസവും ആവശ്യപ്പെടുകയായിരുന്നു. ഒരു സമ്മാനം തയ്യാറാക്കിയിട്ടുണ്ടെന്നും അതിനാണ് വിലാസം ചോദിച്ചതെന്നും പറഞ്ഞു. സമ്മാനം വേണ്ടെന്ന് യുവതി പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് വിലാസം വാങ്ങുകയായിരുന്നു. പിന്നീട് യുവതിക്ക് കൊറിയര്‍ കമ്പനിയില്‍ നിന്നും വിളി വന്നു.
കൊറിയര്‍ ലഭിക്കണമെങ്കില്‍ 25,400 രൂപ അയക്കണമെന്നുമായിരുന്നു സന്ദേശം. പണം ഇല്ലെന്നും സമ്മാനത്തിന്റെ തുക യുവാവ് തന്നെ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ക്ഷുഭിതനാവുകയായിരുന്നു. വീണ്ടും കൊറിയര്‍ കമ്പനിയില്‍ നിന്നും വിളിച്ച് വലിയ തുക കിട്ടാനുണ്ടെന്നും അതിന്റെ നിയമനടപടികള്‍ മാറ്റിയെടുക്കാന്‍ 87,000 രൂപ അടക്കണമെന്നും പറഞ്ഞു. അതനുസരിച്ച് യുവതി പണമടച്ചു. പണം അക്കൗണ്ടിലേക്കെത്തണമെങ്കില്‍ എന്‍.ഒ.സിക്കായി 2.17 ലക്ഷം അടക്കണമെന്നും പറഞ്ഞു. പന്തികേട് തോന്നിയ യുവതി സ്ഥാപനത്തിലെ ജീവനക്കാരനെ കൊണ്ട് വിളിപ്പിച്ചപ്പോള്‍ ഈ കേസില്‍ ആരെയും ഇടപെടുത്തരുതെന്ന് യുവതിയോട് പറഞ്ഞു. ഇതോടെ യുവതി വീണ്ടും പണമയച്ചു. അഞ്ചു മണിക്കൂറിനുള്ളില്‍ പണം എത്തുമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിക്കല്‍ തുടര്‍ന്നു. എന്നാല്‍ പണത്തിന് കാത്തിരുന്ന ഇവരോട് വീണ്ടും പണം ആവശ്യപ്പെടുകയാണുണ്ടായത്. മൂറിനെ ബന്ധപ്പെട്ടപ്പോള്‍ പെരുമാറ്റത്തിലും മാറ്റം വന്നു. തന്നെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് യുവാവ് ചെയ്തത്. പണം തിരികെ ലഭിക്കാന്‍ വഴി തേടുകയാണ് യുവതി.

Hot Topics

Related Articles