Friday, November 1, 2024
spot_img

കായികാടിത്തറ ഭദ്രമാക്കാൻ ‘ഹെൽത്തി കിഡ്സ്’

കായികവും വൈജ്ഞാനികവും ഭാഷാപരവും വൈകാരികവും സർഗാത്മകവുമായ തലങ്ങളിലെ ഗുണപരമായ മാറ്റങ്ങളാണ് മെച്ചപ്പെട്ട സാമൂഹ്യജീവിതം കെട്ടിപ്പടുക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്നത്. ഈ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കായികപരിപോഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളും കായികസാക്ഷരതയുടെ ബാലപാഠങ്ങളും പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്ക് ലഭ്യമാകേണ്ടതുണ്ട്. കേരള സമൂഹത്തിന്റെ കായികവും ആരോഗ്യപരവുമായ ഭാവിക്ക് പിന്തുണ നൽകുന്ന കൃത്യമായ കാഴ്ചപ്പാട് ആരോഗ്യ- കായിക വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാടിൽ ആരോഗ്യമെന്നത് കേവലം രോഗങ്ങളില്ലാത്ത അവസ്ഥയല്ല, മറിച്ച് ശാരീരികവും മാനസികവും സാമൂഹ്യവുമായ ക്ഷേമവും സൗഖ്യവുമായ അവസ്ഥകൂടിയാണ്. ഈ ദീർഘകാല ലക്ഷ്യം കൈവരിക്കുന്നതിലൂടെ സാമൂഹ്യമായും സാമ്പത്തികമായും ഉൽപ്പന്നക്ഷമതയുള്ള ജനതയെ വാർത്തെടുക്കാനും സാധിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ വ്യവസ്ഥാപിതമല്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലായ്മയും ആശങ്കയുളവാക്കുംവിധം ജീവിതശൈലീ രോഗങ്ങൾ വ്യാപിക്കുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം രോഗങ്ങളുടെ ചികിത്സാ ചെലവുകൾക്കായി പൊതുഖജനാവിന്റെ നല്ലൊരു ഭാഗവും വിനിയോഗിക്കേണ്ട സ്ഥിതിയാണ്. ഇതിനു ബദലായി രോഗം വരാതെ, ആരോഗ്യം സംരക്ഷിക്കുന്ന മാർഗമായ കായികക്ഷമത ആർജിക്കുന്ന പ്രവർത്തനങ്ങളിൽ സ്വയം വ്യാപൃതരാകാനുള്ള ഇടപെടലാണ് പൊതുവിൽ രൂപപ്പെടേണ്ടത്.

അടിസ്ഥാന കായിക വിദ്യാഭ്യാസം ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ സുദൃഢമായ കായിക അടിത്തറയും കായിക സംസ്‌കാരവും കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കായികസാക്ഷരതയുടെ ഓരോ പ്രവർത്തനത്തെയും സംബന്ധിച്ച കൃത്യമായ ധാരണ കുട്ടികളിൽ എത്തിച്ചേരണം. പ്രീ പ്രൈമറി മുതൽ അടിസ്ഥാന ചലനനൈപുണികളോടൊപ്പം രസകരമായ കളികളിലൂടെയും അനുഭവങ്ങളിലൂടെയും കായികജ്ഞാനം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിനെ ക്രമേണ പരിപോഷിപ്പിക്കുകയും കുട്ടികളുടെ കായികക്ഷമത നിലനിർത്താനും മെച്ചപ്പെടുത്താനുമുള്ള സ്ഥിരം സംവിധാനങ്ങളുടെ സാധ്യത ഉറപ്പാക്കുകയും വേണം. കായികക്ഷമതയിൽ ഏറെ മികവുപുലർത്തുന്ന കുട്ടികളെ കണ്ടെത്തി അനുയോജ്യമായ പ്രതിഭാ പരിപോഷണ പരിപാടികൾ വികസിപ്പിക്കാനും കായികവകുപ്പ് ലക്ഷ്യമിടുന്നു.

എന്താണ് ഹെൽത്തി കിഡ്‌സ്
ആരോഗ്യവും കായികക്ഷമതയുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളുടെ പ്രധാന അജൻഡയാണ്. അതിന് പ്രൈമറി ക്ലാസുകളിൽ ശക്തമായ കായികാടിത്തറ രൂപപ്പെടുത്തേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളിലെ പ്രൈമറി വിദ്യാർഥികളുടെ കായികക്ഷമത മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം ഉയർത്താനും കായിക മികവ് പരിപോഷിപ്പിക്കാനും വികസിപ്പിച്ച കായിക ഗവേഷണ പദ്ധതിയാണ് ഹെൽത്തി കിഡ്‌സ്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ആണ്‌ കരിക്കുലം തയ്യാറാക്കിയത്‌. രണ്ടുവർഷത്തിലധികം നീണ്ടുനിന്ന ഫീൽഡ്തല പ്രായോഗിക പരീക്ഷണ, നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെൽത്തി കിഡ്‌സ് വികസിപ്പിച്ചത്.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കായിക വിദ്യാഭ്യാസം ഉദ്ഗ്രഥിത സമീപനത്തോടുകൂടിയാണ് വിനിമയം ചെയ്യപ്പെടുന്നത്. എന്നാൽ, ഈ രീതിയിലൂടെ പ്രതീക്ഷിച്ച ഗുണഫലങ്ങൾ നേടിയെടുക്കാനായിട്ടില്ല. ശൈശവപ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രൈമറി കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിനു ബദലായി രൂപപ്പെടുത്തിയ ചലനാത്മകമായ പ്രവർത്തനങ്ങളുടെ ശാസ്ത്രീയമായ അവതരണമാണ് ഹെൽത്തി കിഡ്‌സ്. പ്രൈമറി വിദ്യാർഥികളുടെ സമഗ്ര വികാസവും അക്കാദമികവും വൈജ്ഞാനികവുമായ മേഖലകളെ പരിപോഷിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇതിൽ വിഭാവനം ചെയ്തിട്ടുള്ളത്. പ്രൈമറി ക്ലാസുകളിൽ അനുവദിച്ച കായിക വിദ്യാഭ്യാസ പിരീഡുകളിലാണ് ഹെൽത്തി കിഡ്‌സിന്റെ ഉള്ളടക്കം വിനിമയം ചെയ്യപ്പെടുന്നത്.

പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ രണ്ടു കൈപ്പുസ്തകം സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റി അംഗീകരിക്കുകയും പൊതുവിദ്യാലയങ്ങളിൽ വിനിമയം ചെയ്യുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. പ്രൈമറി അധ്യാപകർക്ക് അക്കാദമിക ക്ലാസുകളുടെ ഭാഗമായോ സ്വതന്ത്രമായ രീതിയിലോ ഇതിലെ ഉള്ളടക്കം കൈകാര്യം ചെയ്യാവുന്നതാണ്. അധ്യാപകർക്ക് വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശീലനം നൽകും. എല്ലാ പ്രൈമറി സ്‌കൂളുകൾക്കും ആവശ്യമായ ഹെൽത്ത് കിഡ്‌സ് പ്രവർത്തന പുസ്തകങ്ങളും കായിക ഉപകരണങ്ങളും കായിക യുവജനവകുപ്പ് ലഭ്യമാക്കും.

പരിശീലനം സിദ്ധിച്ച ഏതൊരു പ്രൈമറി അധ്യാപകനെയും അനായാസം, ആത്മവിശ്വാസത്തോടെ കുട്ടികളെ കായികശേഷികൾ അഭ്യസിപ്പിക്കാൻ പ്രാപ്തരാക്കുന്ന തരത്തിലാണ് പ്രവർത്തന പുസ്തകങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ലളിതമായ ഭാഷയിൽ കൃത്യമായ വിവരണത്തോടുകൂടി ചിത്രങ്ങളും നിർദേശങ്ങളും ഉൾപ്പെടുന്ന രീതിയിലാണ്  ഇത് തയ്യാറാക്കിയിട്ടുള്ളത്. കായികവകുപ്പ് പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നൽകുന്ന കായികോപകരണങ്ങളുടെ സഹായത്തോടെ ഇവ നേരിട്ട് പരിശീലിക്കാനും നേരനുഭവങ്ങൾ ബോധ്യപ്പെടാനും അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സാധിക്കും. കുട്ടികളുടെ കായികശേഷി പുരോഗതി വിലയിരുത്താൻ മൂല്യനിർണയ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സവിശേഷ പരിമിതരായ കുട്ടികൾക്കുകൂടി പങ്കെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് പരിശീലനം നൽകാൻ ഓരോ ജില്ലയിലും കായികമേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിസോഴ്‌സ് പാനൽ വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ മേൽനോട്ടത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്.

പ്രധാന ഉള്ളടക്ക മേഖലകൾ
ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ചലനനൈപുണികൾ, ശേഷികൾ, കായിക സാക്ഷരതയുടെ വിവിധ രീതികൾ, ഘട്ടങ്ങൾ, കിഡ്‌സ് അത്‌ലറ്റിക്‌സ്, താളാത്മക ചലനങ്ങൾ, നാച്ചുറൽ പ്ലേ, കിഡ്‌സ് യോഗ, കൈകാര്യശേഷികൾ, ശാരീരിക ഏകോപന ശേഷികൾ, സഹകരണശേഷികൾ, ട്രഷർ ഹണ്ട്, ഒബ്സ്റ്റക്കിൾ റേസ് തുടങ്ങിയ പ്രധാന ഉള്ളടക്ക മേഖലകളാണ് ഹെൽത്തി കിഡ്‌സിലുള്ളത്. അടിസ്ഥാന കായികക്ഷമതാ ഘടകങ്ങളായ ശ്വസനക്ഷമത, അയവ്, ഏകോപനം, സന്തുലനം, ശരീരപേശികളുടെ കരുത്ത്, സ്ഥിരത തുടങ്ങിയവ മെച്ചപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും സ്വയം നിയന്ത്രിതമായി ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള പ്രാപ്തി ലഭിക്കുന്നു എന്നതിനേക്കാൾ സഹകരണത്തിൽ അധിഷ്ഠിതമായ സ്വഭാവ സവിശേഷത കൈവരിച്ച് ഉത്തമ പൗരന്മാരായി വളരാനുള്ള ഊർജം ലഭ്യമാകും. ക്രിയാ ഗവേഷണം, വ്യക്തിഗത പഠനം എന്നീ ഗവേഷണ തന്ത്രങ്ങളും പദ്ധതിയുടെ ഭാഗമായി പ്രയോഗവൽക്കരിക്കുന്നുണ്ട്. കുട്ടികളുടെ അക്കാദമിക മുന്നേറ്റവും കായികശേഷിയും അളന്ന് തിട്ടപ്പെടുത്തി അനുയോജ്യമായ പരിഹാരബോധന പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്.

നവകായിക സൃഷ്ടിയിൽ പുതുകേരളം
മാനുഷിക വികസനം, ലോക സമാധാനം തുടങ്ങിയവ രൂപപ്പെടുത്താൻ നടത്തുന്ന എല്ലാവിധ പരിശ്രമങ്ങളിലും ജനങ്ങളെ ഏറ്റവും മികച്ച രീതിയിൽ സ്വാധീനിക്കാൻ കഴിയുന്നതും ചെലവ് കുറഞ്ഞതുമായ ഉപാധിയായി കായികത്തെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് വിവിധ സന്ദർഭങ്ങളിൽ തെളിയിക്കപ്പെട്ടതാണ്.
കായികരംഗത്തെ സമസ്തതലങ്ങളിലും സമാനതകളില്ലാത്ത വികസനത്തിനാണ് കേരളം സാക്ഷിയാകുന്നത്. അത്യന്താധുനിക സ്‌പോർട്‌സ് സയൻസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ സംസ്ഥാനത്ത് കൂടുതൽ വ്യാപകമാക്കാനുള്ള ഇടപെടൽ കായികവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. എല്ലാ പഞ്ചായത്തിലും പൊതു കളിക്കളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. കായികമേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനുതകുന്ന രീതിയിൽ തയ്യാറാക്കിയ കായികനയത്തെ സംസ്ഥാനം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോക കായികഭൂപടത്തിൽ നിരവധി സംഭാവനകൾ നൽകിയിട്ടുള്ള കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ കേരളത്തിന്റെ കായികവളർച്ചയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത് ഏറെ പ്രതീക്ഷ നൽകുന്നു. കായികരംഗത്തും തനതായ കേരളമാതൃക രൂപപ്പെടുത്തിക്കൊണ്ടുള്ള വികസനക്കുതിപ്പിന് സംസ്ഥാനം ഒരുങ്ങുകയാണ്.

Hot Topics

Related Articles