Thursday, November 28, 2024
spot_img

സാഫ് കപ്പ് ഫുട്ബോൾ ; ലെബനന്‌ ജയം

ബംഗളൂരു
സാഫ്‌ കപ്പ്‌ ഫുട്‌ബോളിൽ ലെബനന്‌ മികച്ച തുടക്കം. ഗ്രൂപ്പ്‌ ബിയിലെ ആദ്യ കളിയിൽ ബംഗ്ലാദേശിനെ രണ്ട്‌ ഗോളിന് തോൽപ്പിച്ചു. ഹസൻ മാടൗക്കും അലി ബാദെറുമാണ്‌ ലെബനനുവേണ്ടി ഗോളടിച്ചത്‌.

റാങ്കിങ്‌ പട്ടികയിൽ 99–-ാമതുള്ള ലെബനനും 192–-ാംസ്ഥാനത്തുള്ള ബംഗ്ലാദേശും തമ്മിലുള്ള കളി ഏകപക്ഷീയമായിരുന്നില്ല. ആദ്യഘട്ടത്തിൽ ബംഗ്ലാദേശ്‌ നല്ല കളി പുറത്തെടുത്തു. പരിചയസമ്പന്നരായ ക്യാപ്‌റ്റൻ ജമാൽ ബുയാനും സോഹെൽ റാണയും ലെബനൻ പ്രതിരോധത്തെ പരീക്ഷിച്ചു. ബുയാന്റെ ഫ്രീകിക്ക്‌ സുമാൻ റെസയ്‌ക്ക്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല. കളി പുരോഗമിക്കുംതോറും ലെബനൻ പന്തിൽ നിയന്ത്രണം നേടി. ഖലീൽ ബാദെറും കരിം ഡാർവിച്ചും ചേർന്നുള്ള മുന്നേറ്റം ഗോൾ ലക്ഷ്യമാക്കി. എന്നാൽ, ബംഗ്ലാ പ്രതിരോധം തടഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അതുവരെയുള്ളതിൽ ഏറ്റവും മികച്ച അവസരം കൈവന്നു. ഹസൻ കൗറാണിയുടെ ഹെഡർ നേരെ ഗോൾ കീപ്പർ അനിസുർ റഹ്‌മാന്റെ കൈകളിലേക്കായി. പിന്നാലെ ഡാർവിച്ചും അവസരം പാഴാക്കി. മറുവശത്ത്‌ ബംഗ്ലാദേശും കിട്ടിയ അവസരങ്ങൾ തുലച്ചു. കളി തീരാൻ 11 മിനിറ്റ്‌ ശേഷിക്കെയായിരുന്നു ലെബനന്റെ ആദ്യഗോൾ. ഡാർവിച്ച്‌ അവസരമൊരുക്കിയപ്പോൾ മാടൗക്ക്‌ ലക്ഷ്യം കണ്ടു. പരിക്കുസമയത്ത്‌ ബാദെർ പട്ടിക പൂർത്തിയാക്കി.മറ്റൊരു മത്സരത്തിൽ മാലദ്വീപ് രണ്ട് ഗോളിന് ഭൂട്ടാനെ തോൽപ്പിച്ചു. ഇന്ന് കളിയില്ല. നാളെ ഇന്ത്യ നേപ്പാളിനെ നേരിടും.

Hot Topics

Related Articles