Sunday, August 24, 2025
spot_img

യാത്രാ ഡോട് കോമിന്റെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കൊച്ചിയില്‍ തുറന്നു

കൊച്ചി> രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ യാത്രാ ഡോട് കോമിന്റെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുറന്നു. 50 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ജോലി ചെയ്യാനാവശ്യമായ സൗകര്യങ്ങളുള്ള പുതിയ ഹബ് ഇന്‍ഫോപാര്‍ക്ക്‌സ് കേരള സിഇഒ ജോണ്‍ എം തോമസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ട്രാവല്‍ ടെക്‌നോളജിയുടെ ഭാവിയില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ പോകുന്ന ഒരു സ്ഥാപനം ഇന്‍ഫോപാര്‍ക്കിലെത്തിയത് ആവേശകരമായ കാര്യമാണെന്ന് ജോണ്‍ എം തോമസ് പറഞ്ഞു.

യാത്രാ ഓണ്‍ലൈന്‍, യാത്രാ ഫ്രെയ്റ്റ് എന്നിവയുടെ ഭാവികാല പ്രവര്‍ത്തനങ്ങളില്‍ കൊച്ചി ഹബിന് വലിയ പ്രധാന്യമുണ്ടാകുമെന്ന് കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് ഹെഡായ ശ്രീജ രാമചന്ദ്രന്‍ പറഞ്ഞു. നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ 30, ആ​ഗസ്റ്റ് 2, 3 തീയതികളില്‍ വിര്‍ച്വല്‍ ഇന്റര്‍വ്യൂകളും വാക്ക്- ഇന്‍-ഇന്റര്‍വ്യുകളും നടക്കും. പുതുതായി പഠിച്ചിറങ്ങിയ എന്‍ജിനീയറിംഗ് ബിരുദധാരികളെയും നിയമിച്ചിട്ടുണ്ട്. ജോലിയ്ക്കുള്ള അപേക്ഷകള്‍ KochiJobs@yatra.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാം.

കോവിഡ് ഭീഷണി ഒഴിഞ്ഞതിനെത്തുടര്‍ന്ന് യാത്രാവ്യവസായം ആവേശകരമായ തിരിച്ചുവരവിലാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ബിസിനസ്, വിനോദയാത്ര മേഖലകള്‍ മികച്ച വളര്‍ച്ചയിലാണെന്നും യാത്രാ ഡോട് കോമിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അന്താരാഷ്ട്ര യാത്രകളും ആഭ്യന്തരയാത്രകളും ഒരു പോലെ കുതിപ്പു കാണിയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ ഇന്നവേഷന്‍ ഹബ് തുറന്നരിക്കുന്നത്.

Hot Topics

Related Articles