Thursday, November 28, 2024
spot_img

ഒരേയൊരു ഛേത്രി ; ഗോളടിക്കാരുടെ പട്ടികയിൽ നാലാമൻ

ബംഗളൂരു
ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയ 22,860 കാണികളുടെ ആർപ്പുവിളികൾ ആ മുപ്പത്തെട്ടുകാരനുവേണ്ടിയായിരുന്നു. സുനിൽ ഛേത്രിക്കുവേണ്ടി. സാഫ്‌ കപ്പിൽ പാകിസ്ഥാനെതിരെ ഹാട്രിക്‌ അടിച്ചുകൊണ്ട്‌ ഛേത്രി പ്രായം വെറും അക്കം മാത്രമെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു. ഒരു ഇരുപതുകാരന്റെ ചുറുചുറുക്കായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റന്‌.

രാജ്യാന്തര ഫുട്ബോളിൽ 90 ഗോൾ തികച്ച ഛേത്രി രാജ്യാന്തരതലത്തിൽ ഗോളടിക്കാരുടെ പട്ടികയിൽ നാലാമനായി. ഏഷ്യയിൽ രണ്ടാമനും. 138 മത്സരങ്ങളിലാണ്‌ 90 ഗോൾ. കഴിഞ്ഞദിവസം മറികടന്നത്‌ മലേഷ്യൻ ഇതിഹാസം മൊഖ്‌താർ ദഹാരിയെയാണ്‌. പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ (123), ഇറാന്റെ അലി ദേയി (109), അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി (103) എന്നിവരാണ്‌ മുന്നിൽ. ഇതിൽ റൊണാൾഡോയും മെസിയും മാത്രമേ നിലവിൽ കളിക്കുന്നുള്ളൂ.
‘രാജ്യാന്തര ഫുട്‌ബോളിൽ ഗോൾ നേടുകയെന്നത്‌ എളുപ്പമല്ല. ആർക്കെതിരെ കളിക്കുന്നു, എവിടെ കളിക്കുന്നു എന്നതൊന്നും അതിൽ ഘടകമല്ല’–- പാകിസ്ഥാനെതിരായ മത്സരശേഷം ഛേത്രി പറഞ്ഞു.

പാകിസ്ഥാനെതിരെ ഹാട്രിക്‌ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്‌. പുറാൻ ബഹദുർ ഥാപ്പയും ഐ എം വിജയനുമാണ്‌ ഇതിനുമുമ്പ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്‌. ഇതിൽ ബഹദുർ ഥാപ്പ ഇന്ത്യയുടെ ആദ്യ ഹാട്രിക്കിന്‌ ഉടമയാണ്‌.2005ലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. 20 വയസ്സ്‌. പാകിസ്ഥാനായിരുന്നു ആദ്യ എതിരാളി. ക്വെറ്റയിലായിരുന്നു മത്സരം. ആദ്യ ഗോളും അന്ന്‌ പിറന്നു. തുടർന്ന്‌ ഇന്ത്യൻ ഫുട്‌ബോളിന്റെ മുഖമായി ഈ സെക്കന്തരബാദുകാരൻ മാറി. മൂന്നുതവണ നെഹ്‌റു കപ്പ്‌ ചാമ്പ്യൻ ടീമിന്റെ ഭാഗമായി. എഎഫ്‌സി ചലഞ്ച്‌ കപ്പും സാഫ്‌ കപ്പും ഉൾപ്പെടെ ഒട്ടേറെ കിരീടങ്ങൾ.

പതിനെട്ട്‌ വർഷമായി ഇന്ത്യൻ ടീമിന്റെ നെടുന്തൂണാണ്‌ മുപ്പത്തെട്ടുകാരൻ. ഇതുവരെ ഇന്ത്യക്ക്‌ മറ്റൊരു ഗോളടിക്കാരെ കിട്ടിയിട്ടില്ല. ബംഗളൂരുവിൽ പാകിസ്ഥാനെതിരെ ഹാട്രിക് തികച്ച്‌ 87–-ാംമിനിറ്റിലാണ്‌ കളംവിടുന്നത്‌. ഇന്ത്യൻ കുപ്പായത്തിൽ നാലാം ഹാട്രിക്കായിരുന്നു ഇത്‌. ഏറെക്കാലം ഇനിയും കളിക്കാനാകില്ലെന്ന്‌ ഛേത്രിക്കും ഇന്ത്യ പരിശീലകൻ ഇഗർ സ്‌റ്റിമച്ചിനും കൃത്യമായി അറിയാം. ഇരുപത്തഞ്ചുകാരൻ ഇഷാൻ പണ്ഡിറ്റയായിരിക്കും ഛേത്രിയുടെ പകരക്കാരാനായി എത്തുക. അതിനിടെ സാഫ്‌ കപ്പിൽ നാളെ നേപാളിനെ നേരിടാനൊരുങ്ങുകയാണ്‌ ഇന്ത്യ. ഗ്രൂപ്പ്‌ എയിൽ ഒന്നാമതാണ്‌ ഇന്ത്യ.

Hot Topics

Related Articles