Wednesday, November 27, 2024
spot_img

ആരോഗ്യ ശാസ്‌ത്ര സർവകലാശാല കുതിക്കുന്നൂ 50 വർഷം മുന്നിലേക്ക്‌

തൃശൂർ
അഞ്ചുപതിറ്റാണ്ടിനുശേഷം എങ്ങനെയാകും ആരോഗ്യ മേഖല, അത്‌ മുന്നിൽക്കണ്ടുള്ള വികസനത്തിനാണ്‌ തൃശൂർ ആസ്ഥാനമായ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല തയ്യാറെടുക്കുന്നത്‌. വിജ്ഞാൻ ഭവൻ, പരീക്ഷാഭവൻ ഉൾപ്പെടെ 1.08 ലക്ഷം ചതുരശ്ര അടിയിൽ പുതിയതായി നിർമിച്ച കെട്ടിട സമുച്ചയം പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.

ആരോഗ്യ സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്‌ തൊട്ടടുത്തുതന്നെയാണ്‌ ഈ അഞ്ചുനിലക്കെട്ടിടം പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്‌.ആരോഗ്യ സർവകലാശാലയ്‌ക്ക്‌ കീഴിലെ കോളേജുകളിലെ 17,000ത്തോളം വരുന്ന അധ്യാപകർക്ക്‌ ചികിത്സാരംഗത്തെ ആധുനിക കോഴ്‌സുകളിലുള്ള പരിശീലനം വരുംദിവസം മുതൽ ഈ  കേന്ദ്രത്തിൽനിന്ന്‌ നൽകും. സർവകലാശാലയിലെ പരീക്ഷാസംബന്ധമായ പ്രവർത്തനങ്ങൾ എല്ലാം പുതിയ പരീക്ഷാഭവനിൽ ഏകോപിപ്പിക്കും. മൂല്യനിർണയത്തിന്‌ എത്തുന്ന അധ്യാപകർക്ക്‌ താമസിക്കാനുള്ള 16 മുറികളും കെട്ടിട സമുച്ചയത്തിലുണ്ട്‌. സർവകലാശാലയുടെ തനത്‌ ഫണ്ടായ 45 കോടി രൂപ ചെലവഴിച്ചാണ്‌ മൂന്നുവർഷം കൊണ്ട്‌ സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച അക്കാദമിക്കായി സമുച്ചയം നിർമിച്ചത്‌.

വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ സർവകലാശാലയുടെ സ്‌കൂളുകളുടെ സെന്ററുകളും ഇവിടെ പ്രവർത്തിക്കും. സമീപകാലത്തുതന്നെ ആരോഗ്യമേഖലയിലെ മികവാർന്ന കോഴ്‌സുകൾ ആരംഭിക്കാനും പദ്ധതി ഒരുങ്ങുന്നുണ്ട്‌.

സർവകലാശാല ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ്‌ നിർമാണം പൂർത്തീകരിച്ചു. രണ്ടു ബ്ലോക്കുകളിലായുള്ള 12 ക്വാർട്ടേഴ്‌സുകൾ 4.23 കോടി രൂപ ചെലവഴിച്ചാണ്‌ നിർമിച്ചത്‌.  കടുത്ത വരൾച്ചയിലും ജല ലഭ്യത ഉറപ്പാക്കുന്ന സംവിധാനവും ആരോഗ്യ സർവകലാശാലാ അങ്കണത്തിൽ  ഒരുങ്ങിയിട്ടുണ്ട്‌. രണ്ടു കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന മഴവെള്ള സംഭരണി 2.08 കോടി രൂപ ചെലവിട്ടാണ്‌ നിർമിച്ചത്‌.

Hot Topics

Related Articles