Thursday, November 28, 2024
spot_img

സംഘട്ടനമല്ല, വേണ്ടത്‌ സഹകരണം: അമേരിക്കയോട്‌ ഷി

ബീജിങ്‌> അമേരിക്ക–- ചൈന ബന്ധം ആരോഗ്യകരമാകേണ്ടത്‌ ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും അത്യന്താപേക്ഷിതമെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. ഇരു രാജ്യവും ഉഭയകക്ഷിബന്ധം ഉത്തരവാദിത്വത്തോടെ മുന്നോട്ടുകൊണ്ടുപോകണം. അമേരിക്കയും ചൈനയും തമ്മിൽ സംഘട്ടനമല്ല, സഹകരണമാണ്‌ ലോകം ആഗ്രഹിക്കുന്നതെന്നും ഷി പറഞ്ഞു. ചൈന സന്ദർശിച്ച അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഗ്രേറ്റ്‌ ഹാൾ ഓഫ്‌ പീപ്പിളിൽ നടന്ന ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലോകത്തെ ഏറ്റവും വലിയ സൈനിക–- സാമ്പത്തിക ശക്തികളാണ്‌ അമേരിക്കയും ചൈനയും. ഇവ തമ്മിലുള്ള ബന്ധം ശരിയായ ദിശയിൽ മുന്നോട്ടുപോകേണ്ടത്‌ മാനവരാശിയുടെ ഭാവിക്കുതന്നെ നിർണായകമാണെന്നും ഷി ഓർമിപ്പിച്ചു. അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ ചൈന എതിരല്ല. ചൈനയുടെ അർഹമായ അവകാശങ്ങൾ ഹനിക്കുന്നില്ലെന്ന്‌ അമേരിക്കയും ഉറപ്പുനൽകണം. ബാലിയിൽ താനും ബൈഡനുമായി നടന്ന ചർച്ചയിൽ എത്തിച്ചേർന്ന പൊതുധാരണയ്ക്ക്‌ അനുസൃതമായ നയങ്ങളാകണം സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയിൽ ബൈഡൻ സ്വീകരിച്ച നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുന്നെന്ന്‌ ബ്ലിങ്കനും വ്യക്തമാക്കി. ഞായറാഴ്ച ബീജിങ്ങിൽ എത്തിയ ബ്ലിങ്കൻ, വിദേശ മന്ത്രി ചിൻ ഗ്യാങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജോ ബൈഡൻ പ്രസിഡന്റായശേഷം ആദ്യമായാണ്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ചൈന സന്ദർശിക്കുന്നത്‌.

Hot Topics

Related Articles