Friday, November 1, 2024
spot_img

പ്രതിപക്ഷത്തിന്റെ ജൽപ്പനങ്ങളും ദേശാഭിമാനിയുടെ നിലപാടും – പുത്തലത്ത് ദിനേശൻ എഴുതുന്നു

മാർക്സിന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു വില്ല്യം ഷേക്സ്പിയർ. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനംചെയ്യുന്നതാണ് ഷേക്സ്പിയർ കൃതികളിലെ കഥാപാത്രങ്ങളെന്നും മാർക്സ് നിരീക്ഷിച്ചു. ഒഥല്ലോ എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ സവിശേഷത മാർക്സ് എടുത്തുപറഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളിലൂടെയും സാഹിത്യ കുതുകികളുടെ വായനയിലൂടെയും മാത്രമല്ല, കഥാപ്രസംഗമെന്ന ജനകീയ കലയിലൂടെ സാംബശിവനും ഒഥല്ലോയെ കേരള ജനതയുടെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്.

ഈ നാടകത്തിലെ മൂന്നു കഥാപാത്രം വർത്തമാനകാലത്ത് ശ്രദ്ധേയമായിത്തീരുന്നുണ്ട്. അതിലെ നായകനായ ഒഥല്ലോയ്‌ക്ക്‌ വെനീസിന്റെ സേനാനായക പദവി ലഭ്യമാകുന്നു. ഒഥല്ലോ തന്റെ ഉപസൈന്യാധിപനായി ക്യാഷ്യോയെ നിയമിക്കുന്നു. എന്നാൽ, ഉപനായക പദവി തനിക്ക് ലഭിക്കേണ്ടതാണെന്ന് ഒഥല്ലോയുടെ പതാകവാഹകനായ ഇയാഗോ കരുതുന്നു. അതിന്റെ അടിസ്ഥാനത്തിൽ  ഒഥല്ലോയെത്തന്നെ തകർക്കാൻ ഇയാഗോ തന്ത്രങ്ങൾ മെനയുന്നു. ഈ നീക്കം ദുരന്തപര്യവസായിയായിത്തീരുകയും ചെയ്യുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചയാളും, അത് നഷ്ടപ്പെട്ടയാളും തനിക്കാണ് അത് ലഭിക്കേണ്ടതെന്ന് കരുതുന്നവരും നടത്തുന്ന ജൽപ്പനങ്ങൾ ഷേക്സ്‌പിയർ നാടകങ്ങളിലെ മനുഷ്യഭാവങ്ങളെ ഓർമപ്പെടുത്തുന്നവിധത്തിലാണ്. അതിനാൽ മനുഷ്യഭാവങ്ങളെ തന്റെ തൂലികയിലാവാഹിച്ച ഷേക്സ്പിയറുടെ മഹാ പ്രതിഭയ്ക്കു മുന്നിൽ നമുക്ക് പ്രണമിക്കാതിരിക്കാനാകില്ല. മികച്ച കൃതികൾ കാലത്തെ അതിജീവിക്കുമെന്നു പറയുന്നത് വെറുതെയല്ലെന്നും ഓർക്കാം.

ആംഗലേയ സാഹിത്യത്തിൽ പ്രചുരപ്രചാരം നേടിയ ചില പഴഞ്ചൊല്ലുകളും വർത്തമാനകാല കേരള രാഷ്ട്രീയത്തിലെ വലതുപക്ഷ ശക്തികളുടെ രീതികളുമായി മൂന്നു കഥാപാത്രങ്ങൾ ഒത്തുപോകുന്നതാണ്.   Birds of the same feather flock together എന്നത് ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ്. ഒരേ സ്വഭാവമുള്ളവർ കൂട്ടായി നിൽക്കുമെന്നതാണ് ഇതിന്റെ പൊരുൾ. ഇതുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു പഴഞ്ചൊല്ലാണ് Tell me who your friends are, I will tell who you are. (നിങ്ങളുടെ സുഹൃത്തുക്കൾ ആരെന്ന്  പറഞ്ഞാൽ നിങ്ങളാരാണെന്ന് ഞാൻ പറയാം)

മോൻസൺ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പുകാരൻ പോക്സോ കേസിൽ മൂന്നു ജീവപര്യന്തത്തിന്  ശിക്ഷിക്കപ്പെട്ടു. കടുത്ത പരാമർശമാണ് കോടതി വിധിയിലുണ്ടായത്. വിധി വന്ന ശേഷവും കോടതിയുടെ കടുത്ത പരാമർശത്തിനിരയായി തീവ്രമായ ശിക്ഷ ഏറ്റുവാങ്ങിയ ആൾ തന്റെ സുഹൃത്താണെന്ന് പ്രഖ്യാപിച്ചത് കെപിസിസി പ്രസിഡന്റാണ്. മേൽപ്പറഞ്ഞ പഴഞ്ചൊല്ലുകൾ പതിരില്ലാത്തതാണെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. അശ്ലീലത മറ്റുള്ളവരിൽ ചൊരിയാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. തന്റെ പ്രതിരൂപങ്ങളെ എവിടെയും കണ്ടെത്താൻ ശ്രമിക്കുന്ന മുതലാളിത്തത്തിന്റെ സവിശേഷതയെക്കുറിച്ച് മാർക്സിന്റെ വിലയിരുത്തൽ  ഇവിടെയും പ്രസക്തമാകുന്നുണ്ട്.

കെപിസിസി പ്രസിഡന്റിന്റെ രാഷ്ട്രീയ നിലപാടുകളിലെ അശ്ലീലത കേരളം നേരത്തേ കണ്ടതാണല്ലോ. ഹിന്ദത്വ  രാഷ്ട്ര രൂപീകരണത്തിന് തടസ്സമായി നിന്ന കോൺഗ്രസ് നേതാക്കളിൽ രണ്ട് പേരെക്കുറിച്ച് ഇ എം എസ് എടുത്തു പറഞ്ഞിരുന്നു. ഗാന്ധിജിയും നെഹ്റുവുമാണത്. ആ നെഹ്റു, സംഘപരിവാറിന്റെ കൂട്ടാളിയാണെന്ന അശ്ലീലം കേരളം മുഴുവൻ പരത്തിയ ആളാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ്. ഈ അശ്ലീലത്തെ പ്രതിരോധിക്കാൻ മുൻപന്തിയിൽനിന്ന പത്രമായിരുന്നു ദേശാഭിമാനി. രാഹുൽ ഗാന്ധിയുടെ എംപിസ്ഥാനം റദ്ദ് ചെയ്തപ്പോൾ ജനാധിപത്യം അപകടത്തിലെന്ന് ഓർമപ്പെടുത്തിയതും ദേശാഭിമാനിയായിരുന്നു. ലക്ഷദ്വീപിലെ എംപിയെ സംഘപരിവാർ പുറത്തെറിയാൻ ശ്രമിച്ചപ്പോഴും സിസോദിയയെ അറസ്റ്റ് ചെയ്തപ്പോഴും തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി തയ്യാറായപ്പോഴും ഒന്നും മിണ്ടാത്ത നിലയാണ് കോൺഗ്രസ് സ്വീകരിച്ചത്. അപ്പോഴും ജനാധിപത്യത്തിന്റെ കാവലാളായി ഈ പത്രമുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വ്യത്യസ്തമായ പങ്കുവഹിച്ചവയാണ് കേരളത്തിലെ പത്രമാധ്യമങ്ങൾ. കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം ബ്രിട്ടീഷ് സർക്കാരിന്റെ ആശയങ്ങൾ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിന് പത്രങ്ങളില്ല എന്ന പരിമിതി മറികടക്കുന്നതിനാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ആദ്യ പതിപ്പിലേ വ്യക്തമാക്കിയിട്ടുണ്ട്. ഈ സേവയോടൊപ്പംതന്നെ ജനവിരുദ്ധ നയങ്ങളുടെ പ്രചാരകരായും ജനപക്ഷ രാഷ്ട്രീയത്തെ മുളയിലേ നുള്ളാനുള്ള ആവേശവുമായാണ് അവർ പ്രവർത്തിച്ചത്. അത് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പറയുന്നതുവരെയെത്തി. ഈ പ്രതിലോമതയെയെല്ലാം വകഞ്ഞുമാറ്റിയാണ് കേരളീയ സമൂഹം മുന്നോട്ടുപോയത്.

Hot Topics

Related Articles