Thursday, November 28, 2024
spot_img

ഈ വണ്ടി ജയിംസ്‌ ബോണ്ടിന്‌ പോലുമില്ല; നോയലിന്റെ ഹൈടെക് ബൈക്ക്‌

പത്തനംതിട്ട > “സിഐഡി മൂസ’യിൽ മൂലംകുഴിയിൽ സഹദേവൻ ഓടിച്ചുവരുന്നൊരു കാറുണ്ട്. ജെയിംസ് ബോണ്ടിനു പോലും ഇല്ലാത്തൊരു കാർ.  അതേപോലെ ജെയിംസ് ബോണ്ടിനു പോലുമില്ലാത്ത ഒരു ബൈക്കുണ്ട്‌ കുന്നന്താനം മുണ്ടിയപ്പള്ളി നോയൽ വി എടേട്ടിന്‌. ഉടമസ്ഥൻ പറഞ്ഞാൽ അത് സ്റ്റാർട്ട് ആകും. മൊബൈലിൽ നിർദേശം നൽകിയാണ് പ്രവർത്തിപ്പിക്കുന്നത്. പെട്രോൾ ടാങ്കിനു മുകളിൽ പതിപ്പിച്ച ചിത്രം ക്യാമറയിൽ കൂടി നോക്കി അതിൽ വരുന്ന ബട്ടൻ അമർത്തിയാലും സ്റ്റാർട്ട് ആവും. കൂടാതെ  ഗൂഗിൾ അസിസ്റ്റന്റ് വഴി ‘സ്റ്റാർട്ട്‌ ദി ബൈക്ക് ‘ എന്നു പറഞ്ഞാലും മതി. അതേപോലെ ഓഫ് ആവുകയും ചെയ്യും. 

ഇതേ രീതിയിൽ ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, ഹോൺ എന്നിവയെല്ലാം പ്രവർത്തിപ്പിക്കാം. യാത്ര തുടങ്ങിയാൽ പോകുന്ന വഴികൾ എല്ലാം മാപ്പിൽ കാണിക്കും. അനുമതിയില്ലാതെ മറ്റാരെങ്കിലും വണ്ടിയോടിക്കാൻ ശ്രമിച്ചാൽ തുടർച്ചയായി ഹോൺ അടിക്കും. നിർത്താതെ സൈറനും മുഴക്കും. ആ സമയം ഉടമയുടെ ഫോണിലേക്ക് സന്ദേശവും ഫോൺവിളികളും വരും. കോവിഡ് കാലത്ത്  വീട്ടിലിരുന്നാണ്‌ ബൈക്കിനെ ഹൈടെക്‌ ആക്കിയത്‌.

ഇടപ്പള്ളി സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ അവസാന വർഷ ഇലക്ട്രോണിക്സ് എം എസ് സി വിദ്യാർഥിയായ നോയൽ പഠനത്തിനൊപ്പമുള്ള പ്രോജക്ടിനായാണിത്‌  നിർമിച്ചത്. അമൽ ജോസഫ്, ജഫ്രിൻ ജെയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്മാർട്ട് ബൈക്ക് അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന് 7000 രൂപ ചെലവായി. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചാൽ ഇത്രയും തുക ആവശ്യം വരില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. അച്‌ഛൻ എ വി വർഗീസും അമ്മ ഷീജ വർഗീസും സഹോദരൻ നെവിൻ വി എടേട്ടും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്‌. 

Hot Topics

Related Articles