ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ചൈനയില്‍ ഉപഭോക്തൃപണപ്പെരുപ്പം കഴിഞ്ഞമാസം രേഖപ്പെടുത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്. ഒരു ശതമാനമാണ് കഴിഞ്ഞമാസത്തെ വളര്‍ച്ചയെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. ജനുവരിയില്‍ ഇത് 2.1 ശതമാനമായിരുന്നു. നിര്‍മ്മാതാക്കളുടെ പണനിലവാര സൂചിക ചൈനയില്‍ കഴിഞ്ഞ 5 മാസമായി പണച്ചുരുക്കമായി തുടരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയില്‍ 1.4 ശതമാനമാണ് ഇടിവ്. ജനുവരിയില്‍ നെഗറ്റീവ് 0.8 ശതമാനമായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, കൊവിഡ് പ്രതിസന്ധി എന്നിവമൂലം ചൈനയില്‍ ഉപഭോക്തൃഡിമാന്‍ഡ് നിര്‍ജീവമാണ്. കമ്മോഡിറ്റി വിലകള്‍ ഇതുമൂലം കുറഞ്ഞുനില്‍ക്കുന്നതാണ് ഉപഭോക്തൃപണപ്പെരുപ്പവും പി.പി.ഐയും കുറയാന്‍ കാരണം. ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ചൈനയുടെ പണപ്പെരുപ്പക്കണക്കുകളെ ഓഹരിനിക്ഷേപക ലോകം ഏറെ കരുതലോടെയാണ് കാണുന്നത്. ഉപഭോക്തൃപണപ്പെരുപ്പവും പി.പി.ഐയും കുറഞ്ഞുനില്‍ക്കുന്നത് ചൈനയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ചൈനീസ് സമ്പദ് വ്യവസ്ഥ സമീപഭാവിയിലെങ്ങും കരകയറില്ലെന്ന സൂചനയും ഇത് നല്‍കുന്നു.